കോഴിക്കോട്: കോഴിക്കോട് കടലൂർ സ്വദേശിനിയായ ഒൻപതു വയസുകാരിയുടെ മരണം കവാസാക്കി രോഗം ബാധിച്ചെന്നു നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണു മെഡിക്കൽ കോളജില്‍ മരിച്ചത്.
കോടിക്കൽ എഎംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം പുളിവളപ്പ് മസ്ജിദ് കബർസ്ഥാനിൽ നടത്തി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്കു മാറ്റിയ കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞതും കണ്ണുകൾ ചുവന്നതും രോഗനിർണയത്തിനു കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ ലക്ഷണങ്ങൾ വിലയിരുത്തിയ ത്വക്ക് രോഗ ഡോക്ടറാണ് കവാസാക്കി രോഗം ആകാൻ ഇടയുണ്ടെന്നു സൂചിപ്പിച്ച് മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
മെഡിക്കൽ കോളജിലെത്തിയപ്പോൾ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണ് എന്ന വിലയിരുത്തി അതിനുള്ള ചികിത്സ നൽകി വരുന്നതിനിടെയാണു മരണമുണ്ടായത്.